തായമ്പക
(ലേഖകൻ: ഇരിങ്ങപ്പുറം ബാബു)
താളത്തിൽ വകകൾ കൊട്ടി നിറയ്ക്കുക എന്ന അവതരണധർമ്മത്തിന്റെ അടിസ്ഥാനത്തിലാണ് തായമ്പക എന്ന കലാരൂപത്തിന് പ്രസ്തുതനാമകരണം ചെയ്തിരിക്കുന്നത്. കുറച്ചുകൂടി നാടൻ ഭാഷയിലേയ്ക്ക് വിവർത്തനം ചെയ്യുകയാണെങ്കിൽ തായം + വക = ഏകതാളം + വകയാണ് തായമ്പക എന്ന് വ്യാഖ്യാനിക്കാം. ഒരു അവതാരകനും രണ്ട് വീതം വലംതല വട്ടക്കാരും, ഇടംതലവട്ടക്കാരും, ഇലത്താളക്കാരുമാണ് ഒരു തായമ്പക അരങ്ങേറുവാൻ ആവശ്യമായിട്ടുള്ളത്. അവതരണവേദിയിൽ രംഗവിളക്ക് കത്തിച്ചതിനുശേഷം സദസ്സിനഭിമുഖമായി വിളക്കിന് മുൻപിലായി, അവതാരകനും, അദ്ദേഹത്തിന്റെ ഇടത്തും വലത്തുമായി, വിളക്കിന് അഭിമുഖമായി ഇടംതല വട്ടക്കാരും, അവതാരകന് പുറകിലായി വലംതല വട്ടക്കാരും ഇലത്താളക്കാരും അർദ്ധവൃത്താകൃതിയിലും നിലയുറപ്പിച്ച ശേഷമാണ് തായമ്പക ആരംഭിക്കുന്നത്. ഒന്ന്, രണ്ട്, മൂന്ന്, അഞ്ച് എന്ന ക്രമത്തിൽ പ്രധാന അവതാരകന്മാരുടെ എണ്ണത്തിൽ വർദ്ധനവ് വരുത്തി സിംഗിൾ, ഡബിൾ, ട്രിബിൾ, പഞ്ച തായമ്പകകൾ അവതരിപ്പിക്കാറുണ്ട്. പ്രധാന അവതാരകരുടെ എണ്ണത്തിനനുസരിച്ച് വലംതല, ഇലത്താളം എന്നിവയുടെ എണ്ണത്തിനും വർദ്ധനവ് ആവശ്യമെങ്കിലും ഇടംതല വട്ടക്കാർ രണ്ടു തന്നെയേ പതിവുള്ളു.
വലതുകൈയിൽ കോലുപയോഗിച്ചും, ഇടതുകൈ ചെണ്ടയുടെ സ്വരസ്ഥാനങ്ങളിൽ നേരിട്ട് അടിച്ചുകൊണ്ടുമാണ് അവതാരകൻ തായമ്പക ആചരിക്കുന്നത്. മനോധർമ്മപ്രധാനമായ കലാരൂപമായതിനാൽ ഇടതുകൈകൊണ്ട് സ്വരസ്ഥാനങ്ങളിലുള്ള പ്രയോഗത്താൽ പുറപ്പെടുവിക്കുന്ന ശബ്ദവൈവിദ്ധ്യങ്ങൾക്ക് തായമ്പകയിൽ വളരെ പ്രാധാന്യം നല്കുന്നുണ്ട്. സ്വരസ്ഥാനങ്ങൾ കൂടാതെ എണ്ണങ്ങളുടെ വൈചിത്ര്യവും ഏറ്റിച്ചുരുക്കുരീതികളും, നടഭേദങ്ങളും ഇരട്ടികളും തുടങ്ങി അവതാരകന്റെ കഴിവുകൾ പരമാവധി പ്രകടിപ്പിക്കാൻ, ചെണ്ടമേളപദ്ധതികളിൽ ഏറ്റവും സാദ്ധ്യതയുള്ള കലാരൂപമാണ് തായമ്പക.
തായമ്പക തുടങ്ങുന്നതിനു മുൻപ്, സന്ധ്യവേല (കൊടിവയ്ക്കൽ) എന്നറിയപ്പെടുന്ന ഒരു പ്രത്യേക വലംതല മേളം, പ്രധാന അവതാരകൻ(കർ) ഒഴുച്ചുള്ളവർ ചേർന്ന് അവതരിപ്പിക്കാറുണ്ട്. ചെമ്പട, ത്രിപുട, ഏകം എന്നീ താളങ്ങളിൽ ചിട്ടപ്പെടുത്തിയിട്ടുള്ള സന്ധ്യവേല ദൈവാർഥമായിട്ടുള്ള വാദ്യാർച്ചനയായും, പ്രേക്ഷാസ്വാദനത്തിനു വേണ്ടിയും കൊട്ടപ്പെടുന്നു എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.
സന്ധ്യവേല കലാശിക്കുന്നതോടുകൂടി ചെണ്ടയുടെ മദ്ധ്യത്തിൽ കൊട്ടുന്ന രണ്ട് നേരുകോൽവിന്യാസങ്ങളോടെ തായമ്പകയുടെ പതികാലത്തിന്റെ താളമായ ചെമ്പടതാളത്തിന് (ആദിതാളത്തിന്) കാലം നിരത്തുകയായി. രണ്ടു താളവട്ടത്തിന്റെ ദൈർഘ്യത്തിൽ നടത്തുന്ന കാലം നിരത്തൽ പ്രക്രിയ അരങ്ങേറാൻ പോകുന്ന തായമ്പകയുടെ താളവട്ടത്തിന്റെ ഘടനയും വിളംബിതാവസ്ഥയും സഹപ്രവർത്തകരേയും സദസ്സിനേയും ബോധിപ്പിക്കുന്നതിനു വേണ്ടിയുള്ളതാണ്. തുടർന്ന് തായമ്പകയിൽ ആദിമാദ്ധ്യാന്തം ഉൾപ്പെടുത്താനുദ്ദേശിക്കുന്ന മനോധർമ്മങ്ങളുടേയും അവതരണക്രമങ്ങളൂടേയും ആമുഖം എന്ന രീതിയിൽ കോലും കൈയും ഉപയോഗിച്ചുകൊണ്ടുള്ള വകകൾ, ചില പൊടിക്കൈകൾ, ഒരു എണ്ണം എന്നിവ ഉൾപ്പെടുത്തിക്കൊണ്ടുള്ള “മുഖം” കൊട്ടുന്നു. നിലകളുടെ ഇരട്ടിപ്പുകളുടെ അടിസ്ഥാനത്തിലുള്ള വിളംബം, മദ്ധ്യമം, ദ്രുതം എന്നീ ഘട്ടങ്ങളോടുകൂടിയ പതികാലം വിസ്തരിച്ച് വാദ്യത്തിലൂടെ വ്യാഖ്യാനിക്കുകയാണ് അടുത്തപടിയായി അവതാരകൻ ചെയ്യുന്നത്. ഈ ഘട്ടങ്ങളിൽ വ്യത്യസ്തങ്ങളായ അക്ഷരകാലദൈർഘ്യങ്ങളോടുകൂടിയുള്ളതും, കൈ, കോല് എന്നിവയ്ക്ക് പ്രത്യേകം പ്രത്യേകം പ്രാധാന്യം നല്കുന്നതുമായ എണ്ണങ്ങളും, നടഭേദങ്ങളും, സ്വരസ്ഥാനങ്ങളും, ഇരട്ടിയുടെ പ്രയോഗങ്ങളുമെല്ലാം വൈദഗ്ദ്ധ്യമനുസരിച്ച് അവതരിപ്പിക്കുവാനുള്ള അവസരം ലഭിക്കുന്നു.
പതികാലം അവസാനിപ്പിക്കുന്ന ഗണപതിക്കൈ കൊട്ടിക്കഴിഞ്ഞാൽ അടുത്ത ഘട്ടമായ കൂറ് ആരംഭിക്കുന്നു. സാധാരണയായി പഞ്ചാരി, ചമ്പ, ചെമ്പട എന്നീ താളങ്ങളിലുള്ള കൂറുകളാണ് പ്രയുക്തമാക്കുന്നത്. തായമ്പകയിലെ താളവട്ടത്തിൽ മറ്റേതെങ്കിലും താളങ്ങളെ നിരത്തി നടഭേദം സൃഷ്ടിക്കുന്ന അവതരണക്രമമാണ് കൂറ് കൊട്ടലിലൂടെ അനുവർത്തിക്കുന്നത്. ഇപ്രകാരം മറ്റൊരു താളത്തോടു കൂറ് പുലർത്തുന്നതുകൊണ്ടാണ് ഈ ഘട്ടത്തിന് ഇങ്ങിനെ നാമകരണം ചെയ്തിരിക്കുന്നത്. പഞ്ചാരി,ചമ്പ കൂറുകൾ യഥാക്രമം അവതരിപ്പിക്കുന്നതും ചമ്പ, അടന്ത കൂറുകളിൽ ഏതെങ്കിലും ഒന്ന് മാത്രം കൊട്ടുന്ന രീതിയും തായമ്പകയിലുണ്ട്.
അടുത്ത കാലത്തായി നവം, പതിഞ്ഞ അടന്ത, അഞ്ചടന്ത, ശ്രീകരം തുടങ്ങി പലേ താളഘടനയോടേയുള്ള കൂറുകളും തായമ്പകയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മേല്പ്പറഞ്ഞ താളങ്ങളെല്ലാം വിളംബ കാലത്തിൽ പതിഞ്ഞതും ദ്രുതകാലത്തിൽ മുറുകിയതും ആയ കൂറുകളായി അവതരിപ്പിക്കാ-വുന്നതാകുന്നു. വിളംബകാലത്തിൽ അവതരണം നടത്തുകയാണെങ്കിൽ വിസ്തരിച്ച് നടഭേദങ്ങളോ സ്വരസ്ഥാനങ്ങളോ തുടങ്ങി പതികാലത്തിലുണ്ടായ എല്ലാ അവതരണ ഘട്ടങ്ങളും ഉൾപ്പെടുത്താൻ പര്യാപ്തമായ അവസ്ഥാവിശേഷം കൂറുകളിൽ സാദ്ധ്യമാണ്. അവതരിപ്പിക്കപ്പെടുന്ന കൂറ് ഏതു താളത്തിത്തിലുള്ളതെന്ന് വെളിപ്പെടുത്തുന്നതിനു വേണ്ടി കാലം നിരത്തൽ പ്രക്രിയയോടുകൂടിത്തന്നെയാണ് കൂറ് ആരംഭിക്കുന്നത്. തുടർന്ന് മദ്ധ്യമം, ദ്രുതം എന്നീ കാലങ്ങളിലുള്ള നിലകളുടെ ഇരട്ടിപ്പുഘട്ടങ്ങൾ പിന്നിട്ടുകൊണ്ട് ചെമ്പടവട്ടഗണിതത്തോടെയുള്ള ഗണപതിക്കൈ കൊട്ടിക്കലാശിച്ചുകൊണ്ട് “ഇടകാലം” എന്ന അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു.
തുടർന്നുള്ള അവതരണത്തിൽ താളവട്ടത്തിലെ അക്ഷരകാലങ്ങളുടെ എണ്ണം കുറവായതുകൊണ്ട് താളവട്ടങ്ങളെ കോർത്തിണക്കിയ യൂണിറ്റുകൾ ഗണിച്ചെടുത്തുകൊണ്ടുള്ള ഏറ്റിച്ചുരുക്ക് രീതികളാണ് ശ്രാവ്യമാകുന്നത്. നടഭേദങ്ങളോ സ്വരസ്ഥാനങ്ങളോ കൊട്ടാനുള്ള അവസരങ്ങൾ ഇടകാലത്തിൽ ലഭ്യമാണെങ്കിലും സാധാരണയായി ഏതാനും എണ്ണങ്ങളുടെ പ്രയോഗം മാത്രമാണ് ഈ ഘട്ടത്തിൽ കേൾക്കാറുള്ളത്.
ഇടകാലത്തിന്റെ അവതരണത്തിനുശേഷം ഇരുകിടയിലേയ്ക്ക് പ്രവേശിക്കുമ്പോൾ യഥാക്രമം “ഇടതിരുകിട” (ഇടനില), “നേർകോലിരുകിട” (അണകണ), “ഇരുകിട”, “കൂട്ടിപ്പെരുക്ക്” എന്നീ ഘട്ടങ്ങളിലൂടേയുള്ള പ്രയാണമാണ് ദ്രുതകാലത്തിൽ സാദ്ധ്യമാകുന്നത്. താളത്തിനോടിടഞ്ഞുകൊണ്ട് “തക്കിട്ട” എന്ന നിലകൾ അവതരിപ്പിക്കുന്ന ഈ ഘട്ടങ്ങളിൽ ഇടതുകൈയിൽ തുടങ്ങുന്ന ഇരുകിടകളാകുന്നു ആദ്യത്തെ “ഇടതിരുകിട”. (ഇടനില) എന്നും നേർകോൽ പ്രയോഗത്തോടെ അവതരിപ്പിക്കുന്ന നിലകളുള്ള ഘട്ടത്തെ നേർകോലിരുകിട എന്നും കൊഴ മറിച്ചുകൊണ്ട് കോലിൽ തുടങ്ങി കൈയിൽ അവസാനിക്കുന്ന നിലകളുള്ള ഘട്ടത്തെ ഇരുകിട എന്നും വിശേഷിപ്പിക്കുന്നു. കോലുകൊണ്ടും കൈയുകൊണ്ടും ഉള്ളവയും, ഇരട്ടികളും സ്വരസ്ഥാനങ്ങളുള്ളവയും ആയ എണ്ണങ്ങലാണ് ഈ ഘട്ടത്തിൽ ഏറ്റിച്ച്ചുരുക്കുന്നത്. തുടർന്ന് നേർകോലും കൈയും മാത്രമുപയോഗിച്ച് അതിദ്രുതാവസ്ഥയിലുള്ള കൂട്ടിപ്പെരുക്ക് എന്നറിയപ്പെടുന്ന അവതരണഘട്ടം ശ്രോതാക്കളെ ഹരം കൊള്ളിക്കും വിധത്തിൽ അനുവർത്തിച്ചുകൊണ്ട്, കലാശിച്ച്, വിളംബകാലത്തിലുള്ള ഒരു ഗണപതിക്കൈ അവതരണത്തോടെ തായമ്പക പര്യവസാനിക്കുന്നു.
1 Comment
Quite informative. Thanks.